ശ്രീരാമകൃഷ്ണൻ :- ജ്ഞാനികൾ ആരെ ബ്രഹ്മമെന്നു നിർദ്ദേശിക്കുന്നു, യോഗികൾ ആരെ ആത്മാവെന്നു പറയുന്നു, അദ്ദേഹത്തെത്തന്നെ ഭക്തന്മാർ ഭഗവാനെന്നു വിളിക്കുന്നു. ഒരേ ബ്രാഹ്മണൻ, പൂജ ചെയ്യുമ്പോൾ അയാൾക്ക് പൂജാരിയെന്നു പേര്;വെപ്പുപണിയിലേർപ്പെടുമ്പോൾ അരിവെപ്പുകാരൻ അയ്യർ എന്നും. ജ്ഞാനമാർഗ്ഗം സ്വീകരിച്ച് ജ്ഞാനി 'നേതി നേതി,' എന്നു വിവേചനം ചെയ്യുന്നു. ബ്രഹ്മം ഇതല്ല, ഇതല്ല; ജീവനല്ല, ജഗത്തല്ല ഇങ്ങനെ വിചാരം ചെയ്തുചെയ്ത് മനസ്സ് സ്ഥിരമാകുമ്പോൾ, സമാധിയുണ്ടാകുന്നു. അപ്പോൾ ബ്രഹ്മജ്ഞാനം ലഭിക്കുന്നു. ബ്രഹ്മ സത്യം ജഗന്മിഥ്യാ എന്ന് ബ്രഹ്മജ്ഞാനിക്ക് ദൃഢബോധമുണ്ട്. ഈ നാമരൂപങ്ങളെല്ലാം സ്വപ്നസമാനം. ബ്രഹ്മം എന്തെന്ന് വാക്കുകൊണ്ട് പറയാനാകില്ല. ബ്രഹ്മം ഒരു വ്യക്തിയാണെന്നും പറഞ്ഞുകൂടാ. ജ്ഞാനികൾ, വേദാന്തവാദികൾ, ഇപ്രകാരം പറയുന്നു.
ഭക്തന്മാരാകട്ടെ, സകല അവസ്ഥകളേയും സ്വീകരിക്കുന്നു. ജാഗ്രദവസ്ഥയും സത്യമെന്നംഗീകരിക്കുന്നു. ജഗത്ത് സ്വപ്നസമാനമാണെന്നു പറയുന്നില്ല. ഈ ജഗത്ത് ഭഗവാന്റെ വിഭൂതിയാണെന്ന് ഭക്തന്മാർ പറയുന്നു. ആകാശം, നക്ഷത്രം, ചന്ദ്രൻ, സൂര്യൻ, പർവ്വതം, സമുദ്രം, മനുഷ്യൻ, മൃഗം ഇവയെല്ലാം ഈശ്വരൻ നിർമ്മിച്ചിരിക്കുന്നു. അവ അദ്ദേഹത്തിന്റെ ഐശ്വര്യങ്ങളാകുന്നു. അദ്ദേഹം നമ്മുടെ ഉള്ളിൽ ഹൃദയമദ്ധ്യത്തിൽ വർത്തിക്കുന്നു. പുറത്തും വസിക്കുന്നു. ഈശ്വരൻ തന്നെയാണ് ചതുർവിംശതിതത്ത്വങ്ങളായും ജീവന്മാരായും ജഗത്തായും തീർന്നിരിക്കുന്നതെന്ന് ഉത്തമഭക്തന്മാർ പറയുന്നു. ഭക്തന്റെ ആഗ്രഹം പഞ്ചസാര തിന്നണമെന്നാണ്; പഞ്ചസാരയാകാനിഷ്ടമില്ല.( എല്ലാവരും ചിരിക്കുന്നു)
ഭക്തന്റെ ഭാവമെന്താണെന്നോ? 'ഹേ ഭഗവൻ, അവിടുന്നു പ്രഭു, ഞാനവിടുത്തെദാസൻ,' അവിടുന്നമ്മ, ഞാനവിടുത്തെ പൈതൽ;' പിന്നെയും, അങ്ങെന്റെ ഓമൽ, ഞാനങ്ങയുടെ അച്ഛൻ' അഥവാ 'അമ്മ;' 'അവിടുന്നു പൂർണ്ണൻ, ഞാനവിടുത്തെ അംശം.' 'ഞാൻ ബ്രഹ്മമാകുന്നു,' എന്നൊന്നും പറയാൻ ഭക്തനിഷ്ടമില്ല.
യോഗിയും പരമാത്മാവിനെ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും യോഗമാണ് ലക്ഷ്യം. യോഗി വിഷയങ്ങളിൽനിന്നും മനസ്സിനെ പിൻവലിച്ച് പരമാത്മാവിലുറപ്പിക്കാൻ ശ്രമിക്കുന്നു. അതിനാൽ ആദ്യഘട്ടത്തിൽ ഏകാന്തത്തിൽ സ്ഥിരാസനത്തിൽ അനന്യമനസ്ക്കനായി ധ്യാനം ശീലിക്കുന്നു.
പക്ഷേ വസ്തു ഒന്നുതന്നെ. ഭേദം പേരിൽ മാത്രം. ബ്രഹ്മംതന്നെ ആത്മാവ്, അദ്ദേഹംതന്നെ ഭഗവാനും. ബ്രഹ്മജ്ഞാനികൾക്ക് ബ്രഹ്മം, യോഗികൾക്ക് പരമാത്മാവ്, ഭക്തന്മാർക്ക് ഭഗവാൻ.
(ബ്രഹ്മേതി പരമാത്മേതി ഭഗവാനിതി ശബ്ദ്യതേ. - ഭാഗവതം. 1.2.11)🙏🏻
ഹരി ഓം
ശ്രീരാമകൃഷ്ണവചനാമൃതം ഭാഗം ഒന്ന്, പുറം - 89-90
നാരയണൻ പി ഡി നമ്പൂതിരി
No comments: