പാലാഴി മഥനം വെറും കഥയാണോ?

ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ക്ക് ഹൈന്ദവഗ്രന്ഥങ്ങളോ പുരാണകഥകളോ കുട്ടികള്‍ക്ക് ശരിയായ വിധത്തില്‍ പറഞ്ഞുകൊടുക്കാനാകുന്നില്ല എന്നത് ഒരു പോരായ്മ തന്നെയാണ്.

ഒരമ്മ, സായാഹ്നവേളയില്‍ മക്കളുമൊത്ത് പാര്‍ക്കില്‍ വിശ്രമിക്കവേ തന്‍റെ മക്കള്‍ക്ക് പാലാഴി മഥനം കഥ പറഞ്ഞു കൊടുക്കുകയായിരുന്നു.

ദേവന്മാര്‍ക്ക് ശാപമോക്ഷം കിട്ടണമെങ്കില്‍ പാലാഴി കടഞ്ഞ് അമൃതെടുക്കണം. പാലാഴി എന്ന് പറയുന്നത് പാല്‍ കൊണ്ടുള്ള ഒരു കടലാണ്. അത് എങ്ങനെ കടയും.? അതിന് കടകോലായി ഒരു വലിയ പര്‍വ്വതത്തെ കൊണ്ടുവന്നു. കയറായി വാസുകി എന്ന പാമ്പിനെ ഉപയോഗിച്ചു. അസുരന്മാര്‍ പാമ്പിന്‍റെ തലഭാഗവും, ദേവന്മാര്‍ വാലും പിടിച്ച് കടയാന്‍ തുടങ്ങി. പെട്ടെന്ന് കടകോലായ പര്‍വ്വതം സമുദ്രത്തില്‍ മുങ്ങിപ്പോയി. അപ്പോഴാണ് മഹാവിഷ്ണു കൂര്‍മ്മാവതാരമെടുത്ത് പര്‍വ്വത്തെ ഉയര്‍ത്തുന്നത്. വീണ്ടും കടയാന്‍ തുടങ്ങി. അങ്ങനെ കടയുന്തോറും പാലാഴിയില്‍ നിന്ന് ഓരോരോ സാധനങ്ങൾ പൊന്തിപ്പൊന്തി വന്നു. മൂധേവി, ശ്രീദേവി, അശ്വം, കാമധേനു അങ്ങനെ പലതും. ഒടുക്കം അമൃത് പൊന്തിവന്നു.

ഇതുകേട്ട ചെറിയ മോന് സഹിച്ചില്ല. എന്തിനാ അമ്മേ ഈ നുണക്കഥയൊക്കെ പറയുന്നത്? പാല് കൊണ്ടൊരു കടല് പോലും. അത് കടയാനൊരു മലയും, കയറിനൊരു പാമ്പും. ഇതൊക്കെ എങ്ങനെ വിശ്വസിക്കാനാണ്?

അമ്മ പറഞ്ഞു. ഈ കഥയിലെ പാലാഴി എന്ന് പറഞ്ഞത്, പാല് നിറച്ച കടലൊന്നുമല്ല. നമ്മുടെ മനസ്സിനെയാണ് പാലാഴിയായി കവി സങ്കല്പിച്ചിരിക്കുന്നത്. ആ മനസ്സ് കടയുക എന്ന് പറഞ്ഞാല്‍ ധ്യാനിക്കുക എന്നാണ് അര്‍ത്ഥം.

അങ്ങനെ ധ്യാനത്തിന്‍റെ പൂര്‍ണ്ണതയിലെത്തുമ്പോ അമൃതാകുന്ന പരമമായ ജ്ഞാനം ലഭിക്കും.
ഇവിടെ മലയും പാമ്പുമൊക്കെ അപ്പോ എന്താ?

മൂത്ത പുത്രന്‍റെ ചോദ്യം.
മലയെന്നു പറയുന്നത് നമ്മുടെ വിവേകമാണ്. പാമ്പ് നമ്മുടെ കാമ-ലോഭ-മോഹ വികാരങ്ങളും. നമ്മുടെ വികാരങ്ങളെ ദേവന്മാരാകുന്ന നല്ല ചിന്തകളും, അസുരന്മാരാകുന്ന ചീത്ത ചിന്തകളും അങ്ങോട്ടും ഇങ്ങോട്ടും സദാ വലിച്ചുകൊണ്ടിരിക്കുകയാണ്.

ആലോചിച്ച് നോക്കൂ!! നമ്മളൊരു തെറ്റ് ചെയ്യാനായി ഒരുങ്ങുമ്പോ ഒരു മനസ്സ് പറയും, നീ ചെയ്തോളൂ എന്ന്. മറ്റൊരു മനസ്സ് പറയും അയ്യോ അങ്ങനെ ചെയ്യരുതേ അത് പാപമാണ് എന്ന്. അപ്പോ നമ്മളൊന്ന് ആലോചിക്കും. എന്നിട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്താണ് ? അത് നമ്മുടെ വിവേകം.

അപ്പോ കടയുന്നതിനിടക്ക് പര്‍വ്വതം താഴ്ന്നുപോയി എന്നു പറഞ്ഞാലെന്താണര്‍ത്ഥം?

അമ്മ ചോദിച്ചു.
"വിവേകം താഴ്ന്നുപോയി".കുട്ടികള്‍ പറഞ്ഞു.

ഹാ..ഹ... അതെ... ആഗ്രഹങ്ങളുടെ അമിതമായ ആസക്തിയില്‍പ്പെട്ട് നമ്മുടെ വിവേകം താഴ്ന്നുപോയി. അപ്പോള്‍ ഭഗവാന്‍ കൂര്‍മ്മാവതാരമെടുത്ത് മല വീണ്ടു പൊക്കിക്കൊണ്ടു വന്നു എന്ന് പറയുന്നു. എന്താ അതിനര്‍ത്ഥം.?

*ബോധം ഉണര്‍ന്ന് വീണ്ടും പഴയതലത്തിലേക്ക് വിവേകത്തെ ഉയര്‍ത്തിക്കൊണ്ട് വരണം*.

അപ്പോള്‍ അടുത്ത ചോദ്യം, ഈ ബോധവും വിവേകവും രണ്ടാണോ?
അതെ. നാം കുറ്റബോധം എന്ന് പറയാറില്ലേ, എന്തേ കുറ്റവിവേകം എന്ന് പറയാത്തത്? കാരണം ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാണ് വിവേകം. ആ വിവേകം നഷ്ടപ്പെടുമ്പോഴാണ് കുറ്റം ചെയ്യുന്നത്.

കുറ്റം ചെയ്തതിന് ശേഷം ഉണ്ടാകുന്ന തിരിച്ചറിവാണ് ബോധം. അയ്യോ ഞാന്‍ ചെയ്തത് തെറ്റായിപ്പോയി എന്നോക്കെ പറയാറില്ലെ?

ഏത് ശക്തിയാണ് ആ തിരിച്ചറിവ് തരുന്നത്? ആ ശക്തിയെ അല്ലെങ്കില്‍ ആ ബോധത്തെയാണ് നാം വിഷ്ണു അല്ലെങ്കില്‍ ദൈവം എന്നൊക്കെ വിളിക്കുന്നത്.

ബോധം കൂര്‍മ്മാവതാരമെടുത്തു എന്ന് പറഞ്ഞാലെന്താ അര്‍ത്ഥം?
കൂര്‍മ്മം എന്നാല്‍ ആമ. ആമയുടെ പ്രത്യേകതയെന്താ ? അതിന് എല്ലാ അവയവങ്ങളേയും ഉള്ളിലേക്ക് വലിക്കാനാകും. അല്ലേ.? അതുപോലെ നമ്മളും നമ്മുടെ ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് വലിച്ച് എന്നുവച്ചാല്‍ , കാമ-മോഹ-ലോഭങ്ങള്‍ക്കൊന്നും അടിമപ്പെടാതെ വിവേകത്തെ വീണ്ടു ഉയര്‍ത്തണം. ഓരോ വട്ടം മനസ്സ് തെറ്റായ വഴിയിലേക്ക് പോകുന്തോറും ഭഗവാന്‍ കൂര്‍മ്മാവതാരമെടുക്കേണ്ടത് നമ്മുടെ മനസ്സെന്ന പാലാഴിയിലാണ്.

അങ്ങനെ വിവേകം വീണ്ടും ഉയര്‍ന്ന് ധ്യാനം തുടര്‍ന്നാല്‍ ആദ്യം മൂധേവിയും പിന്നെ ശ്രീദേവിയും പുറത്തേക്ക് വരും. എന്താ ഇതിനര്‍ത്ഥം?

ധ്യാനം മുറുകവേ നമ്മുടെ മനസ്സിലുള്ള ചീത്ത വികാരവിചാരങ്ങളൊക്കെ പുറത്ത് പോകും. അതാണ് മൂധേവി.

പിന്നെ ശ്രീദേവിയും പോകും. അതായത് കാശ്-പണം-സ്വത്ത് തുടങ്ങിയ ആര്‍ത്തികളും, പുറത്ത് പോകും. എന്നാല്‍ ശ്രീദേവിയെ വിഷ്ണു പത്നിയായി സ്വീകരിക്കുമെന്നും പറയുന്നു. അതായത് ചീത്ത ഗുണങ്ങളെ പുറന്തള്ളി നല്ല ഗുണങ്ങള്‍ നമ്മുടെ ബോധത്തിലെത്തും.

വീണ്ടും ധ്യാനം തുടരുമ്പോള്‍ ചോദിക്കുന്നതെല്ലാം തരുന്ന കല്പവൃക്ഷവും, കാമധേനുവുമൊക്കെ വരും. എന്നുവച്ചാല്‍ ധ്യാന നിരതനായ വ്യക്തിക്ക് പലപല സിദ്ധികളും കൈവരുന്നു.
എന്നാലിതൊക്കെ കിട്ടുമ്പോ എല്ലാമായി എന്ന് പറഞ്ഞ് ധ്യാനം നിറുത്തരുത്.

വീണ്ടും തുടരണം. അപ്പഴേ അമൃതമാകുന്ന പരമാത്മജ്ഞാനം ലഭിക്കൂ. താനാരാണ് എന്ന പരമമായ ബോധത്തിലേക്ക് ആ വ്യക്തി എത്തുന്നു.

ആ അമൃത് കുടിച്ചവര്‍ക്ക് പിന്നെ വാര്‍ദ്ധ്യക്യമുണ്ടോ? മരണമുണ്ടോ ?
ഇനി പറയൂ.. പാലാഴി മഥനം വെറും കഥയാണോ ?  "അല്ല" എന്ന് കുട്ടികള്‍. എത്ര വലിയ മഹാതത്വത്തെയാണ് നമ്മുടെ പൂര്‍വ്വികരായ ഋഷിവര്യന്മാര്‍ ഈ കഥയിലൂടെ പറയുന്നത്.🙏🏻


പാലാഴി മഥനം വെറും കഥയാണോ? പാലാഴി മഥനം വെറും കഥയാണോ? Reviewed by HARI on May 17, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.