രാമപുരത്തുവാര്യര്‍

പ്രിയ മിത്രങ്ങളേ, ഇന്നത്തെ മഹദ് വ്യക്തികളില്‍ നമുക്ക് കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒറ്റക്കാവ്യം കൊണ്ട് മലയാള സാഹിത്യത്തില്‍ ശാശ്വതവും സമുന്നതവുമായ സ്ഥാനം നേടിയ കവിയായ രാമപുരത്തു വാര്യരെ പരിചയപ്പെടാം. 

1703 ല്‍ കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ രാമപുരത്താണ് രാമപുരത്തു വാര്യര്‍ ജനിച്ചത്. അദ്ദേഹത്തിന്‍റെ അച്ഛന്‍ രാമപുരത്ത് സമീപ കരയായ അമനകരയിലെ പുനത്തില്‍  ഇല്ലത്തെ പദ്മനാഭന്‍ നമ്പൂതിരിയും അമ്മ പാര്‍വ്വതി വാരസ്യാരും ആയിരുന്നു. ശങ്കരന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. അച്ഛനില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഇരിങ്ങാലക്കുടയില്‍ ചെന്ന് ഉണ്ണായിവാര്യരില്‍ നിന്നും സംസ്കൃതം പഠിച്ചു.  അങ്ങനെ സംസ്കൃതത്തില്‍ അഗാധ പാണ്ഡിത്യം നേടി. അദ്ദേഹം രാമപുരത്ത് പള്ളിക്കൂടം കെട്ടി കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചിരുന്നു. സാഹിത്യത്തിലും സംഗീതത്തിലും അദ്ദേഹത്തിന് നല്ല വാസനയുണ്ടായിരുന്നു. കൂടാതെ അദ്ദേഹം ഒരു നല്ല ജ്യോതിഷ പണ്ഡിതന്‍ കൂടിയായിരുന്നു. മാല കെട്ടില്‍ അതീവ വൈദഗ്ദ്ധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

വടക്കുംകൂര്‍ രാജാക്കന്മാരുടെ ഒരു ശാഖ അക്കാലത്ത് വെള്ളിലാപ്പള്ളിയില്‍ താമസിച്ചിരുന്നു. ആ ശാഖയില്‍ പെട്ട രവിവര്‍മ്മ രാജാവിന്‍റെ ആശ്രിതനായിരുന്നു വാര്യര്‍. മഹാ ദാരിദ്ര്യത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞുവന്നത്.  ദാരിദ്യം സഹിക്കവയ്യാതെ വൈക്കം ക്ഷേത്രത്തില്‍ വൈക്കത്തപ്പനെ ഭജിക്കാനായി ചെന്നു. 'ഈ ദാരിദ്ര്യദുഃഖം വൈക്കത്തപ്പന്‍ തന്നെ തീര്‍ത്തു തരണം ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന ! അദ്ദേഹം ''വൈക്കത്ത് ഊട്ടുപുരയില്‍ സദ്യയുള്ള ദിവസം മാത്രം ഒരു നേരം ഊണു കഴിക്കാം,അല്ലെങ്കില്‍ അന്ന് ഉണ്ണുകയും വേണ്ട '' എന്നുള്ള നിശ്ചയത്തോടു കൂടി ഒരു സംവത്സരം ഭജനം തുടങ്ങി. അദ്ദേഹം ഭജനം തുടങ്ങിയതില്‍ പിന്നെ വൈക്കം ക്ഷേത്രത്തില്‍ ഒരു ദിവസം പോലും മുടങ്ങാതെ സദ്യയുണ്ടായിരുന്നു എന്നു പറയപ്പെടുന്നു !

അദ്ദേഹത്തിന്‍റെ ഭജനം കാലം കൂടുന്ന ദിവസം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് വൈക്കത്തിന് എഴുന്നള്ളി. വാര്യര്‍ രാജാവിനെ സ്തുതിച്ച് നാലഞ്ചു ശ്ലോകങ്ങളുണ്ടാക്കി രാമയ്യന്‍ ദളവ മുഖാന്തിരം രാജാവിന്‍റെ കൈകളിലെത്തിച്ചു. രാജാവ് തിരികെ പള്ളിയോടത്തില്‍ പുറപ്പെടുന്ന സമയം വാര്യരും അവിടെ ഹാജരുണ്ടായിരുന്നു. വാര്യരോടും പള്ളിയോടത്തില്‍ കയറാന്‍ രാജാവ് കല്പിച്ചു. പള്ളിയോടത്തില്‍ വച്ച് ഒരു വഞ്ചിപ്പാട്ടുണ്ടാക്കാന്‍ രാജാവ് കല്പിക്കുകയും ആ കല്പനപ്രകാരം കുചേലവൃത്തം വഞ്ചിപ്പാട്ട് രചിക്കുകയും ചെയ്തു. പള്ളിയോടം തിരുവനന്തപുരം കല്പാലക്കടവിലടുത്തപ്പോഴേക്കും പാട്ടു പൂര്‍ത്തിയായി. അതില്‍ ''എങ്കലുള്ള പരമാര്‍ത്ഥം പാട്ടു കൊണ്ടുണ്ടാം'' എന്നു പ്രയോഗിച്ചിരുന്നത് താന്‍ കുചേലനേപ്പോലെ ദരിദ്രനാണെന്ന് സൂചിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു.

തിരുവനന്തപുരത്ത് കുറേക്കാലം രാജാവ് അദ്ദേഹത്തെ താമസിപ്പിച്ചു. ആ സമയത്ത് രാജകല്പനപ്രകാരം 'ഗീതഗോവിന്ദം' പരിഭാഷ ചെയ്തു. അങ്ങനെ വാര്യര്‍ കുറച്ചു ദിവസം അവിടെ താമസിച്ചു. ഒടുക്കം രാജാവിനെ മുഖം കാണിച്ച് യാത്രയറിയിച്ചു പോയ സമയം രാജാവ് യാതൊന്നും വാര്യര്‍ക്ക് കല്പിച്ചു കൊടുത്തില്ല. കുചേലന് ദ്വാരകയില്‍ നിന്നും മടങ്ങിയപ്പോഴുണ്ടായ വിഷാദം പോലെ ഏറ്റവും വിഷാദത്തോടുകൂടി മടങ്ങിപ്പോന്ന വാര്യര്‍ക്ക് സ്വന്തം ഗൃഹത്തിനടുത്തു ചെന്നപ്പോള്‍ സാക്ഷാല്‍ കുചേലനുണ്ടായതുപോലെ അമ്പരപ്പുണ്ടായി ! കാരണം വാര്യര്‍ തിരുവനന്തപുരത്തു താമസിച്ചിരുന്ന സമയം കൊണ്ടു രാജാവ് വാര്യരുടെ ഭവനം വലിയ മാളികയായിട്ടു പണിയിക്കുകയും അവിടെ വേണ്ടുന്ന സകല പാത്രങ്ങളും, അവിടെയുള്ളവര്‍ക്കെല്ലാം ആഭരണങ്ങളും, കരമൊഴിവാക്കി ധാരാളം വസ്തു വകകളും കൊടുക്കുകയും ചെയ്തിരുന്നു. അനന്തരം വാര്യര്‍ അര്‍ത്ഥമിത്രപുത്രകളത്രാദികളോടും ഈശ്വരനിലും മഹാരാജാവിലും വളരെ ഭക്തിയോടു കൂടി സുഖമായി ജീവിക്കുകയും ചെയ്തു.

ഒരിക്കൽ വാര്യര്‍ കഴകക്കാരനായിരുന്ന രാമപുരം ക്ഷേത്രത്തില്‍ ഉത്സവത്തിന് മാല കെട്ടിക്കൊണ്ടിരുന്ന വാര്യരോട് 'കൂത്തു കാണാന്‍ വരുന്നില്ലേ' എന്ന് ചാക്യാര്‍ ചോദിച്ചു. മാലകെട്ട് കാണാന്‍ വരാത്തത് എന്തെന്നായി വാര്യര്‍. മാലകെട്ടില്‍ കാണാന്‍ എന്തിരിക്കുന്നു എന്ന് പുച്ഛിച്ചുകൊണ്ട് വാര്യര്‍ പോയി. എന്നാല്‍ പിറ്റേ ദിവസം തൊഴാന്‍ ചെന്ന ചാക്യാര്‍ കണ്ടത് ബിംബത്തില്‍ ചാര്‍ത്തിയ മാലയില്‍ ചക്രബന്ധത്തില്‍ ഒരു ശ്ലോകം നിബന്ധിച്ചിരിക്കുന്നതാണ്‌. ശ്ലോക വൈദഗ്ദ്ധ്യത്തില്‍ സന്തുഷ്ടനായ അദ്ദേഹം മാല കെട്ടിലും കാണേണ്ടതുണ്ടെന്ന് അതോടെ സമ്മതിച്ചു.

കുചേലവൃത്തം വഞ്ചിപ്പാട്ടാണ് രാമപുരത്തു വാര്യര്‍ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. ഇതു കൂടാതെ ചില ഒറ്റ ശ്ലോകങ്ങളും കീര്‍ത്തനങ്ങളും അദ്ദേഹം ഉണ്ടാക്കിയതായി കാണുന്നു.

ഇതോടെ രാമപുരത്തു വാര്യരേക്കുറിച്ചുള്ള ചെറിയ വിവരണം ചുരുക്കുന്നു.

by
അജിത മനോജ്
രാമപുരത്തുവാര്യര്‍ രാമപുരത്തുവാര്യര്‍ Reviewed by HARI on May 17, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.