ഗിരിരാജഖണ്ഡം അദ്ധ്യായം -- 2
ഗിരിരാജമഹോത്സവവർണനംഇതെല്ലാം കേട്ട് വിസ്മയിച്ച വ്രജവാസികൾ പൂജാ ക്രമീകരണങ്ങളുമായി ഗോവർദ്ധനതാഴ് വാരത്തേയ്ക്ക് പോയി. എല്ലാ വ്രജവാസികളും ഗിരിരാജപാർശ്വത്തിൽ വന്നു ചേർന്നു. ശ്രീരാധികയും സഖിമാരും ഗോനികമാരും എത്തിച്ചേർന്നു. മിഥിലാവാസിനി കോസലപ്രദേശവാസിനി അയോദ്ധ്യാ പുരവാസിനി, ശ്രുതിരൂപാ, ഋഷിരൂപാ. യജ്ഞസീതാ സ്വരൂപാ വനവാസിനി ഗോപികമാർ എന്നിവരുടെ സമൂഹവും എത്തി. വൈകുണ്ഠവാസികളും ഊർദ്ധ- വൈകുണ്ഠവാസികളും പരമ ഉജ്ജ്വല ശ്വേതനിവാസികളും ധ്രുവലോകത്തെയും ലോകാകലത്തെയും നിവാസികളും ഗോവർദ്ധനപൂജയ്ക്കായി അവിടെ എത്തിയിരുന്നു. ലക്ഷ്മീദേവിയുടെ സഖിമാരും ജാലംന്ധരിലെ സ്ത്രീകളും സമുദ്രകന്യകമാരും ബർഹീഷ്മതീനഗരത്തിലെ സ്ത്രീകളും സുതലനിവാസികളായ സ്ത്രീകളും വന്നു ചേർന്നു. അപ്സരസ്സുകളും നാഗകന്യകമാരും വന്നു ചേർന്നു. സർവ്വാഭരണവിഭൂഷിതകളായി പൂജാദ്രവ്യങ്ങൾ എടുത്തു ഗോപികമാരും പീതാംബരവും വനമാലയും അണിഞ്ഞ് ഓടക്കുഴലും കാലിക്കോലും കൈയിലേന്തി ഗോപന്മാരും ഗിരിരാജപാർശ്വത്തിലെത്തി. ഉമാദവിയോടും ഭൂതഗണങ്ങൾക്കുമൊപ്പം നന്ദീശ്വരൻറെ പുറത്തേറി മഹാദേവനും ഗിരിരാജ പൂജ കാണാൻ എത്തി. രാജർഷിമാർ ബ്രഹ്മർഷിമാർ യോഗേശ്വരന്മാർ സിദ്ധന്മാർ പരമസംസന്മാർ ഇവരെല്ലാം ആയിരക്കണക്കിന് ബ്രാഹ്മണരോടൊപ്പം എത്തി ചേർന്നു. ഗോവർദ്ധനം രത്നമയമായി തീർന്നു . സ്വർണ്ണ കൊടുമുടി ഉയർത്തി ദിശകളെയെല്ലാം ശോഭിപ്പിച്ച് തലയുയർത്തി നിന്നു. ഹിമാലയം മഹാമേരു തുടങ്ങിയ പർവ്വതങ്ങൾ കാഴ്ചദ്രവ്യങ്ങളുമായി ദിവ്യരൂപം ധരിച്ചു വന്ന് ഗോവർദ്ധനത്തെ വന്ദിച്ചു.
ശ്രീകൃഷ്ണ ഭഗവാൻറെ നിർദ്ദേശമനുസരിച്ച് ഗോവർദ്ധനത്തെ പൂജിച്ച ശേഷം നന്ദഗോപർ ബ്രാഹ്മണരെയും അഗ്നിയെയും പശുക്കളെയും പൂജിക്കുകയും ഗോവർദ്ധനത്തിൻറെ സേവയ്ക്ക് വേണ്ടി ധാരാളം ധനവും പൂജാസാമഗ്രഹികളും സമർപ്പിക്കുകയും ചെയ്തു. നന്ദോപനന്ദന്മാരും ഗോപീഗോപന്മാരും പാടിയും നൃത്തം വച്ചും ശ്രീകൃഷ്ണ ഭഗവാനോടൊപ്പം ഗോവർദ്ധഗിരിയെ പ്രദക്ഷിണം വച്ചു. ദേവന്മാർ പുഷ്പവൃഷ്ടി നടത്തുകയും ജനങ്ങൾ മലർ വർഷിക്കുകയും ചെയ്തു. ആ യജ്ഞത്തിൽ ഗോവർദ്ധനഗിരി ഒരു ചക്രവർത്തിയെ പോലെ പരിലസിച്ചു.
ഭഗവാൻ ശ്രീകൃഷ്ണൻ ഒരു അത്ഭുത രൂപം സ്വീകരിച്ച് ശൈലത്തിൽ പ്രത്യക്ഷനായി " ഞാൻ ഗോവർദ്ധനമാണ് " എന്ന് പറഞ്ഞ് എല്ലാ ഭോഗങ്ങളും സ്വീകരിച്ചു. ഇതേ വരെ ഒരു ദേവനും ഇങ്ങനെ പ്രസാദിച്ച് കണ്ടിട്ടില്ലാത്ത ഗോപഗോപീജനം അത്ഭുതസ്തബ്ധരായി. വരദാനത്തിന് തയ്യാറായ ഗോവർദ്ധനത്തോട് ഗോപന്മാർ പറഞ്ഞു " ഈ നന്ദസൂനുവാണ് ഞങ്ങൾക്ക് അങ്ങയെ കാണിച്ചു തന്നത്. ഞങ്ങൾ ഗോക്കളോടുകൂടി സുഖമായി കഴിയാൻ അങ്ങ് അനുഗ്രഹിക്കണം. " "അങ്ങനെയാകട്ടെ" എന്ന് പറഞ്ഞു ഗോവർദ്ധനം അന്തർദ്ധാനം ചെയ്തു. നന്ദഗോപന്മാരും വൃഷഭാനുമാരും സകലരും ഗോവർദ്ധനത്തെ നമസ്ക്കരിച്ച് സ്വസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചു പോയി.
ശ്രീകൃഷ്ണ ഭഗവാൻറെ ചരിത്രവും ഗോവർദ്ധനോത്സവവും കേൾക്കുന്നവരുടെ എല്ലാ പാപങ്ങളും നശിച്ച് അവർ പരിശുദ്ധരായി തീരും.
✍ ശ്രീ പുനലൂർ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഗിരിരാജഖണ്ഡം - 2
Reviewed by HARI
on
August 16, 2018
Rating:
No comments: