വിവിധ നൃത്തസമ്പ്രദായങ്ങളിൽ പരിപാടിയിലെ ആദ്യത്തെ ഇനം തന്നെ ആരാധനയായിട്ടാണ് തുടങ്ങുന്നത്. ഇത്തരം ഇനങ്ങൾക്ക് രംഗപൂജ എന്നു പറയാറുണ്ടെങ്കിലും ഗണേശസ്തുതി, ശിവസ്തുതി, വന്ദനനൃത്തം, അഞ്ജലി എന്നു പല പേരിലും അറിയപ്പെടുന്നുണ്ട്. അവതരിപ്പിക്കുന്ന പരിപാടിയിൽ തുടക്കത്തിൽ ഈശ്വരാരാധന നടത്തുന്നത് ഒരു ആത്മധൈര്യം ഉണ്ടാകാൻ കൂടിയാണ്.
ദീപം കൈയ്യിൽ പിടിച്ചോ പൂത്താലമെടുത്തോ ആദ്യമായി രംഗപ്രവേശം ചെയ്ത് പ്രേക്ഷകരുടെ നേർക്ക് നോക്കി പൂവിടലും ദീപാരാധന ചെയ്യലും ചിലർ അനുഷ്ടിക്കുന്ന രംഗപൂജയാണ്. രംഗത്ത് ഒരു വശത്തായി മാല ചാർത്തി, മുന്നിൽ ദീപം തെളിയിച്ച് വച്ചിരിക്കുന്ന നടരാജ വിഗ്രഹത്തിൽ പുഷ്പാഞലി ചെയ്തു സദസ്യരെ വന്ദിച്ച് ഇഷ്ടദേവതകളെ സ്തുതിക്കുന്ന ശ്ലോകം പാടി അഭിനയിച്ച ശേഷം അല്പം അടവുകൾ ചെയ്ത് തീർമാനത്തോടെ അവസാനിക്കുന്ന രംഗപൂജയും ചിലർ ചെയ്തു വരുന്നു. നൃത്താഞ്ജലി എന്ന പേരിലും രംഗപൂജ ചെയ്ത് വരുന്നു. ഇതിൽ അഷ്ടദിക്‌പാലകരെ വന്ദിച്ചുകൊണ്ട് ചെയ്യുന്ന രീതിയും ഉണ്ട്.
ഭരതനാട്യത്തിന്റെ പൂർവരൂപമായ സദിർ അവതരിപ്പിക്കുമ്പോൾ നർത്തകി രംഗത്തുവരുന്നതിനുമുമ്പ് മേളപ്രാപ്തി,തോഡയമംഗളം എന്നീ ചടങ്ങുകൾ ഉണ്ടായിരുന്നു. ഇഷ്ടദേവതകളെ വന്ദിച്ചുകൊണ്ട് പാട്ടുകാരൻ പാടുകയും അതിന് പിന്നാലെ നട്ടുവൻ ജതി പറയുകയും അത് മൃദംഗത്തിൽ വായിക്കുകയും ചെയ്യുന്ന ചടങ്ങാണ് മേളപ്രാപ്തി. സദസ്യരുടെ ശ്രദ്ധ ആകർഷിക്കാൻ ഈ പരിപാടിക്ക് കഴിവുണ്ട്. അതിന് ശേഷം വന്ദനഗാനം പാടുമ്പോൾ നർത്തകി രംഗത്ത് വന്ന് ഈശ്വരനേയും ഗുരുക്കന്മാരേയും സദസ്യരേയും വന്ദിച്ച്, പിന്നണിസംഗീതോപകരണങ്ങൾ തൊട്ട്തൊഴുത് അത് ഉപയോഗിക്കുന്ന കലാകാരന്മാരെ വന്ദിക്കുന്നു. ഇതാണ് പണ്ടുകാലത്തെ തോഡയമംഗളം.
No comments: