രാമേശ്വര ക്ഷേത്രത്തെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടാവും പ്രസിദ്ധമായ ആ ക്ഷേത്രത്തിന്റെ ഉദ്ഭവത്തെ പറ്റിയുള്ള കഥ കേട്ടോളു .
സീതയെ രാവണൻ തട്ടിക്കൊണ്ടു പോയ സമയം ലങ്കയിൽ ചെന്ന് സീതയെ തിരികെ കൊണ്ടു വരാനായി രാമനും ലക്ഷ്മണനും തീരുമാനിച്ചു. സഹായത്തിന് വമ്പൻ വാനരപ്പടയുമുണ്ട്.
കടൽക്കടക്കുന്നതിന് മുൻപ് ശിവനെ പൂജിക്കണമെന്ന് ശ്രീരാമന് തോന്നി. അദ്ദേഹം കാശിയിൽ പോയി ഒരു ശിവലിംഗം കൊണ്ടുവരാൻ ഹനുമാനെ നിയമിച്ചു. ഒട്ടും വൈകിയില്ല. ഹനുമാൻ പറന്ന് കാശിയിലെത്തി.
സാക്ഷാൽ പരമശിവൻ ഹനുമാന് രണ്ടു ശിവലിംഗങ്ങൾ കൊടുത്തു. എന്നിട്ടു പറഞ്ഞു 'ഇവയിൽ ഒന്നു ശ്രീരാമന്നുള്ളത് രണ്ടാമത്തേത് താങ്കൾക്കെടുക്കാം. ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷ്ഠിച്ച് പൂജിച്ചു കൊൾക. എന്റെ ചൈതന്യം രണ്ടിടത്തും ഉണ്ടാകും.'
ഈ സമയത്ത് അങ്ങ് ദൂരെ കടൽക്കരയിൽ ഹനുമാൻ തിരികെയെത്തുന്നതും കാത്തിരുന്ന് ശ്രീരാമൻ അസ്വസ്ഥനായി.
"ശിവലിംഗം പ്രതിഷ്ഠിക്കേണ്ട മുഹൂർത്തം കഴിയാറായി. ഇനിയും ഹനുമാൻ തിരിച്ചെത്തിയില്ലല്ലൊ. ഈ നല്ല മുഹൂർത്തം തെറ്റിക്കുന്നതു ശരിയല്ല " ഇങ്ങനെ പറഞ്ഞിട്ട് ശ്രീരാമൻ മണൽ കൊണ്ട് ഒരു ശിവലിംഗമുണ്ടാക്കി'. എന്നിട്ട് ഏതാനും മുനിമാരെ വിളിച്ച് കടൽക്കരയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.
തിരികെ പോവുമ്പോൾ മുനിമാർ ഹനുമാനെ കണ്ടു. ശ്രീരാമനു വേണ്ടി ശിവലിംഗം പ്രതിഷ്ഠിച്ച് മടങ്ങിപ്പോവുകയാണ് തങ്ങളെന്ന് ഹനുമാനോട് പറഞ്ഞു.
അതു കേട്ട് ഹനുമാന് ദേഷ്യം വന്നു. ഹനുമാൻ രാമന്റെ മുൻപിൽ ചെന്ന് ശുണ്ഠിയെടുത്തു.
"ഹും, എന്തേ എന്റെ കാര്യം മറന്നത്? സീതാദേവിയെ കടൽ ചാടിക്കടന്ന് കഷ്ടപ്പെട്ടു തിരഞ്ഞു കണ്ടു പിടിച്ചത് ഞാനല്ലേ? ഇന്ന് പട്ടിണി കിടത്തി വെറും വയ റോടെ എന്തിന് കാശിയിലേക്കയച്ചു.' ശിവലിംഗം അങ്ങേക്കു വേണ്ടി പരമശിവ നിൽ നിന്നും വാങ്ങിക്കൊണ്ടുവന്നതാണ്. ഇത് വേണ്ടങ്കിൽ വേണ്ട. .എനിക്ക് ശിവൻ തന്ന ശിവലിംഗം. ഞാൻ പ്രതിഷ്ഠിക്കും."
രാമൻ ശാന്തനായി മറുപടി പറഞ്ഞു '' വാനര ശ്രേഷ്ഠാ ! താങ്കൾ പറയുന്നത് ശരിയാണ്. താങ്കൾ വരുന്നതിനു മുൻപ് പ്രതിഷ്ഠ നടത്തിയത് നന്നായില്ലെന്ന് എനിക്കും ബോദ്ധ്യപ്പെട്ടു. ഇപ്പോൾ ഇവിടെ പ്രതിഷ്ഠിച്ച ശിവലിംഗം താങ്കൾ ബലം പ്രയോഗിച്ച് പറിച്ചെടുത്തോളു. 'പകരം താങ്കൾ കാശിയിൽ നിന്നു കൊണ്ടുവന്ന ശിവലിംഗം തന്നെ പ്രതിഷ്ഠിക്കാം.
ഹനുമാൻ . ഉടൻ തന്നെ മണൽ കൊണ്ടുള്ള ശിവലിംഗത്തിന്മേൽ വാൽ ചുററി ഇളക്കാൻ തുടങ്ങി. എന്നാൽ ശിവലിംഗം അനങ്ങിയില്ല. ഹനുമാൻ ആഞ്ഞു വലിച്ചു. ഠിം! അതാ വാൽ മുറിഞ്ഞ് ഹനുമാൻ ഒറ്റ വീഴ്ച. വേദന കാരണം ഹനുമാൻ ബോധംകെട്ടു പോയി.
ബോധം തെളിഞ്ഞപ്പോൾ ഹനുമാൻ രാമനെ നമസ്ക്കരിച്ച് തന്റെ തെറ്റ് ക്ഷമിക്കണമെന്ന് പ്രാർത്ഥിച്ചു. രാമന്റെ നിർദ്ദേശ പ്രകാരം മണൽ കൊണ്ടുള്ള ശിവലിംഗത്തിന്റെ വടക്കുഭാഗത്ത് ഹനുമാൻ ശിവൻ കൊടുത്ത ശിവലിംഗം പ്രതിഷ്ഠിച്ചു. രാമേശ്വര ക്ഷേത്രത്തിൽ വരുന്നവർ ഹനുമാൻ പ്രതിഷ്ഠിച്ച ശിവലിംഗത്തെ തൊഴുതശേഷമേ രാമൻ പ്രതിഷ്ഠിച്ച ശിവലിംഗത്തെ തൊഴാവു എന്നും അദ്ദേഹം നിർദ്ദേശിച്ചു.
ശിവൻ എനിക്കു വേണ്ടി കൊടുത്തയച്ച ശിവലിംഗം കുറേക്കാലം ഇവിടെ പ്രതിഷ്ഠ നടത്താതെ ഇരിക്കട്ടെ. കലിയുഗത്തിന്റെ ഒടുക്കൽ ഞാൻ തന്നെ അതു പ്രതിഷ്ഠിക്കാം. താങ്കൾ മുറിഞ്ഞ വാൽ മറയുന്ന രീതിയിൽ കാലുകൾ കൂട്ടിവെച്ച് ഇവിടെ തന്നെ ഇരിക്കു. താങ്കൾ ബോധംകെട്ടു
വീണ സ്ഥലത്ത് "മാരുതിതീർത്ഥം" എന്നൊരു തീർത്ഥമുണ്ടാവും' അതിൽ കുളിച്ചാൽ മനുഷ്യരുടെ അഹങ്കാരം നീങ്ങിപ്പോവും. ഇങ്ങനെ പറഞ്ഞിട്ട് രാമൻ ഹനുമാന്റെ മുറിഞ്ഞ വാൽ പഴയ പോലെയാക്കി.
അങ്ങനെ അന്ന് ഹനുമാനും ശ്രീരാമനും ചേർന്ന് നടത്തിയതാണത്രേ ക്ഷേത്രത്തിലെ പ്രതിഷ്ഠ
By
ലളിതകൈമൾ
No comments: