സത്സംഗം

ഒരിക്കല്‍ നാരദന്‍ മഹാവിഷ്ണുവിനേ കണ്ട്, പ്രഭോ, സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന് അരുളിച്ചെയ്യണം എന്നു പറഞ്ഞു.

മഹാവിഷ്ണു, അദ്ദേഹത്തോട്, ബദര്യാശ്രമത്തിലുള്ള ഒരു അത്തി മരത്തില്‍ ഒരു പുഴു ഇരിപ്പുണ്ടെന്നും, അതിനോടു ചോദിച്ചാല്‍ പറഞ്ഞു തരുമെന്നും പറഞ്ഞു.

നാരദന്‍ പോയി പുഴുവിനെ കണ്ടു പിടിച്ചു. പുഴുവിനോട് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന്.

പുഴു ഒന്നും പറഞ്ഞില്ല. പക്ഷെ അത് ഒന്നു വിറച്ചു. താഴെവീണു ചത്തു.

പാവം നാരദന്‍. വേഗം വൈകുണ്ഠത്തില്‍ ചെന്ന് വിവരം പറഞ്ഞു.

മഹാവിഷ്ണു പറഞ്ഞു. അങ്ങ് അയോധ്യയിലേക്കു ചെല്ലൂ. അവിടെ വൈശ്വാനരന്‍, എന്നൊരു ബ്രാഹ്മണന്‍റെ പശു പ്രസവിക്കാറായി നില്പുണ്ട്. അതു പ്രസവിക്കുമ്പോള്‍, ആ കുട്ടിയോടു ചോദിക്കൂ.

നാരദന്‍ പോയി. ഒത്തിരി വൈശ്വാനരന്മാര്‍ ഉള്ളതില്‍ നിന്ന് പ്രസവിക്കാറായ പശു ഉള്ള വൈശ്വാനരനെ കണ്ടു പിടിച്ചു. ഒരു കൊല്ലം എടുത്തെന്നു മാത്രം.

പശു പ്രസവിച്ചു. നാരദന്‍ ഉടമസ്ഥന്‍റെ അനുവാദത്തോടെ പശുക്കുട്ടിയുടെ ചെവിയില്‍ ചുണ്ടു ചേര്‍ത്തുവച്ച് ചോദിച്ചു. സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ്?

പശുക്കുട്ടി കണ്ണൊന്ന് ഉരുട്ടി. മുകളിലേക്ക് നോക്കി. ഒന്നു വിറച്ചു. ചത്തു.

പുഴുവിന് ഉടമസ്ഥന്മാരില്ല. ഇതങ്ങനെയാണോ? വേഗം വൈകുണ്ഠത്തില്‍ എത്തി.ഭഗവാനോട് പറഞ്ഞു “പ്രഭോ അതും മരിച്ചു”.

മഹാവിഷ്ണു ഒന്നു പുഞ്ചിരിച്ചു. വിഷമിക്കണ്ടാ നാരദരേ, അങ്ങ് കാശി രാജ്യത്തേക്ക് പോകുക. അവിടെ രാജ്ഞി പൂര്‍ണ്ണഗര്‍ഭിണിയാണ്. അവര്‍ പ്രസവിക്കുന്ന ശിശുവിനോട് ചോദിക്കൂ. ഉത്തരം നിശ്ചയമായും കിട്ടും.

“വേണ്ടാ ഭഗവാനേ, എനിക്കറിയണ്ടാ, സത്സംഗം കൊണ്ടൂള്ള പ്രയോജനം. ഇനി ഞാന്‍ ഒന്നും ചോദിക്കുന്നില്ല. അദ്ദേഹത്തിന് മക്കളുണ്ടാകാതിരുന്ന് ഉണ്ടാകുന്ന കുട്ടിയാണ്. ആ കുഞ്ഞിനെക്കൂടെ ഞാൻ കൊലയ്ക്ക് കൊടുക്കണോ” നാരദർ പറഞ്ഞു.

പേടിക്കണ്ടാ നാരദരേ. ചെല്ലൂ. ഞാനല്ലേ പറയുന്നത് ചെല്ലൂ. ഭഗവാന്‍ പറഞ്ഞു..

ഭഗവാന്റെ വാക്കുകൾ അനുസരിക്കുകയില്ലാതെ വേറെ വഴിയില്ലല്ലോ, നാരദർ കാശിയിലേയ്ക്ക് പുറപ്പെട്ടു.

കാശിരാജ്യത്ത് ഉത്സവം. രാജ്ഞി തിരുവയറൊഴിയാന്‍ പോകുന്നു. നാരദന്‍ അവിടെഎ‍ത്തിയപ്പോള്‍ അതീവ സന്തോഷത്തോടുകൂടി രാജാവ് എതിരേറ്റിരുത്തി. അചിരേണ രാ‍ജ്ഞി പ്രസവിച്ചു. ഒരാണ്‍കുട്ടി. ആശീര്‍വദിക്കാന്‍ വേണ്ടി കുഞ്ഞിനെ നാരദമഹര്‍ഷിയുടെ കൈയ്യില്‍ കൊടുത്തു. അദ്ദേഹം ചുറ്റുമൊന്നു നോക്കി. ചോദിക്കാ‍മോ?

പിന്നെ എന്തും വരട്ടെ എന്നു വിചാരിച്ച് കുഞ്ഞിനെ മാറോട് ചേര്‍ത്ത്, ചെവിയില്‍ ചുണ്ടു വച്ച് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ് കുമാരാ?. നാരദന്‍റെ ഹൃദയമിടിപ്പ് ഒരു നിമിഷനേരം നിന്നു. അദ്ദേഹം കണ്ണുകളടച്ചു. തുറന്നു നോക്കിയപ്പോഴും ഭാഗ്യം കുഞ്ഞു മരിച്ചില്ല എന്നു തന്നെയല്ല എഴുന്നേറ്റിരിക്കുന്നു.

“തപോനിധേ” അത്ഭുതം! കുഞ്ഞു സംസാരിച്ചു തുടങ്ങി “ഞാന്‍ കഴിഞ്ഞതിന്‍റെ മുന്‍പിലത്തെ ജന്മത്തില്‍ ഒരു പുഴു ആയിരുന്നു. ബദരീനാഥിലേ അത്തി മരത്തില്‍. അങ്ങയോടുള്ള സംഗം കൊണ്ട് അടുത്ത ജന്മത്തില്‍ പശുവായും അതിന്റടുത്ത ജന്മത്തില്‍ ഇതാ മനുഷ്യനായും — അതും രാജകുമാരനായി — ജനിച്ചു.“

പയ്യീച്ച, പൂച്ച, പുലി, വണ്ടെലി ഞണ്ടു-
പച്ചപ്പൈയ്യെന്നുതൊട്ടു
പലമാതിരിയായ ജന്മം
പയ്യെക്കഴിഞ്ഞു പുനരീമനുജാകൃതത്തക്കൈയ്യില്‍
കിടച്ചതു കളഞ്ഞു കുളിച്ചിടൊല്ലേ

എന്നാണ് എന്നാൽ, അങ്ങയുടെ അടുപ്പം -സത്സംഗം- കൊണ്ട് എനിക്ക് മൂന്നാമത്തെ ജന്മം മനുഷ്യജന്മമായി.വളരെ സന്തോഷം. ഇത്രയും പറഞ്ഞു കുഞ്ഞു വീണ്ടും സാധാരണ ശിശുവിനെപ്പോലെയായി.

സമയം പാഴാക്കുന്നവന്‍ ജീവിതം തന്നെ പാഴാക്കുന്നു. മഹാത്മാക്കളോടും, ഭക്തന്മാരോടുമോക്കെയുള്ള സമ്പര്‍ക്കമാണ് സത്സംഗം. സത്സംഗത്തിലൂടെ നിസ്സംഗത്വവും, നിസ്സംഗത്വത്ത്തിലൂടെ ക്രമേണ നിർമോഹത്വവും, നിശ്ചലതത്വവും ഒടുവിൽ ജീവന്മുക്തി തന്നെയും സാദ്ധ്യമാകുന്നു.

സത്സംഗം സത്സംഗം Reviewed by HARI on May 17, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.