കര്‍ക്കിടകം തീരാറായി, കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു എന്നാണു പഴമക്കാര്‍ പറയാറുള്ളത്. ഇനി വരാനിരിക്കുന്നത് ഓണക്കാലമാണ്. സമൃദ്ധിയുടെ കാലം. ഓരോ മലയാളിയും മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് ഓണം ആഘോഷിക്കും.
ചിങ്ങമാസത്തിലെ തിരുവോണ നാളിലെ പൊന്നോണം അല്ലാതെ കര്‍ക്കിടക മാസത്തിലെ തിരുവോണം നാളിലും ഇതുപോലെ തന്നെ ഓണം ആഘോഷിക്കാറുണ്ടായിരുന്നു പണ്ട്, പിള്ളേരോണം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പിള്ളേരുടെ ഓണം തന്നെയാണിത്. അത്തപ്പൂക്കളമുണ്ടാവില്ലെങ്കിലും ബാക്കിയെല്ലാം പൊന്നോണം പോലെ തന്നെ. തൂശനിലയിട്ടു തുമ്പപ്പൂ ചോറ് വിളമ്പുന്ന അസ്സല്‍ സദ്യയടക്കം എല്ലാം ഉണ്ടാവും. ഊഞ്ഞാല് കെട്ടലും പലതരം കളികളും ഒക്കെയായി പിള്ളേരും ഉഷാറാവും. അവരുടെ ഓണക്കാലം അന്ന് മുതല്‍ തുടങ്ങും. പിള്ളേരോണംത്തിന്‍റെ സദ്യയുടെ ഇല മടക്കി കഴിഞ്ഞാല്‍ പിന്നെ അന്ന് മുതല്‍ പൊന്നോണത്തിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായി.
ഇന്ന് തറവാടുകളില്ല, കുട്ടിക്കൂട്ടങ്ങളില്ല, പിള്ളേരോണവും ഓര്‍മ്മയായി.. ഓണം മലയാളിക്ക് കണ്‍സ്യൂമര്‍ ഫെസ്റ്റിവലായി ചുരുങ്ങി...പിള്ളേരോണത്തിന്റെ മാറ്റൊക്കെ ഇല്ലാതെയായി.പിള്ളേരേ.. എന്നു വിളിച്ചാൽ തന്നെ കലിതുള്ളുന്ന പിള്ളേരുടെ കാലം. ഓണം കാശു കൊടുത്തു കടയിൽ നിന്നു വാങ്ങുന്ന കാലമല്ലേ, പിന്നെ എന്ത് ഒരുങ്ങാൻ എന്നാണ് പലരുടെയും ചോദ്യം.....ഉള്ളതുപറഞ്ഞാല്‍ ഇന്നത്തെ കുട്ടികളുടെ ഒരു വലിയ നഷ്ടമാണ് ഈ പിള്ളേരോണം. കളികളും ആര്‍പ്പുവിളികളും സദ്യയുണ്ണലുമായുമായി വന്നുപോകുമായിരുന്ന പിള്ളേരോണം ഇന്നത്തെ കുട്ടികള്‍ക്ക് എവിടെ മനസ്സിലാകാന്‍...........
വാമന പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തിലെ ഓണാഘോഷങ്ങൾ കർക്കടകത്തിലെ തിരുവോണത്തിനു തുടങ്ങി 28 ദിവസമായിരുന്നു. ഇവിടെ ക്ഷേത്രോൽസവത്തിൽ പങ്കുകൊള്ളാത്തവർ പിന്നീടു വരുന്ന അത്തം മുതൽ പത്തു ദിവസം തൃക്കാക്കരയപ്പനെ വച്ച് ആഘോഷം നടത്തണമെന്നായിരുന്നു രാജാവായിരുന്ന പെരുമാളുടെ കൽപന.
തിരുവോണത്തിന് 28 ദിവസം മുൻപുള്ള പിള്ളേരോണവും 28 ദിവസത്തിനു ശേഷമുള്ള 28-ാം ഓണവുമൊക്കെ മലയാളിക്ക് ഒരുകാലത്ത് ആഘോഷമായിരുന്നു. ദുരിതവും പട്ടിണിയും നിറഞ്ഞ കർക്കടകത്തിന്റെ കറുത്ത നാളുകൾ ഒരു കാലത്ത് മലയാളിക്കുണ്ടായിരുന്നു. വിശപ്പടക്കി കർക്കടക മഴയെയും ശപിച്ച് ഉറങ്ങുന്ന ബാല്യങ്ങൾ കാത്തിരുന്നത് പിള്ളേരോണമാണ്. വരാനിരിക്കുന്ന സമൃദ്ധിക്കു വേണ്ടി അണിഞ്ഞൊരുങ്ങാൻ ഒരു ദിനം.
പിള്ളയോണം എന്നും വിളിച്ചിരുന്ന ഈ ദിവസമായിരുന്നു വയറു നിറയെ ചോറും കറികളും വിളമ്പിയിരുന്നത്. പഞ്ഞം നിറഞ്ഞ ദിവസങ്ങളിൽ ഒട്ടിക്കിടന്ന വയറുകൾ ഒന്നുണരും. പിന്നെ ആ രുചി നാവിൻതുമ്പിൽ നിന്നു ചോരാതെ കാത്തിരിക്കും. തിരുവോണത്തിനായി. കുഞ്ഞുങ്ങളുടെ ആവേശം കണ്ട് മാതാപിതാക്കളും ഉണരും. ഓണത്തിനായി ഒരുങ്ങും.
കാലത്തിനൊപ്പം മാറിയെങ്കിലും ഓണക്കാലം മലയാളിക്ക് ഗൃഹാതുരത്വമൂറുന്ന ഓര്‍മ്മകളും അത് പകരുന്ന സന്തോഷവും ഒന്ന് വേറെ തന്നെയാണ് ....എല്ലാവർക്കും പിള്ളേരോണ ആശംസകൾ .......
പിള്ളേരോണം
Reviewed by HARI
on
July 27, 2018
Rating:
Reviewed by HARI
on
July 27, 2018
Rating:

No comments: