തിരിച്ചറിവ്.......

ഒരു ഗ്രാമത്തില്‍ വളരെ പാവപ്പെട്ട ഒരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. ദാരിദ്ര്യം മൂലം വളരെ ബുദ്ധിമുട്ടിയാണ്  ആ കുടുംബം ജീവിച്ചിരുന്നത്. 

           അദ്ദേഹം നിത്യവും ഭഗവത്ഗീത പാരായണം ചെയ്യും.

രാവിലെ നിത്യ കർമ്മങ്ങളും സന്ധ്യാവന്ദനവും കഴിഞ്ഞാൽ നിഷ്ഠയോടെ കൃത്യമായും വിശ്വാസത്തോടും കൂടി തന്റെ പാരായണം മുടങ്ങാതെ  നടത്തി വന്നു.

അദ്ദേഹത്തിന്റെ കുലത്തൊഴിലായ വേദാദ്ധ്യായനത്തിനായി കുട്ടികളാരും സമീപിക്കാതിരുന്നതുകൊണ്ട്, ഗ്രാമവാസികളോട് ഭിക്ഷയെടുത്താണ്  നിത്യവൃത്തി കഴിച്ചിരുന്നത്.

 ഗ്രാമവാസികൾക്കെല്ലാം അദ്ദേഹത്തെ നന്നായി അറിയാം. ദൂരെ നിന്നു അദ്ദേഹത്തെ കാണുമ്പോള്‍ എന്തെങ്കിലും ചോദിക്കും എന്നു കരുതി എല്ലാവരും അകത്തുകയറി കതകടക്കും.

 അതുകൊണ്ട് അധിക ദിവസവും ആ ഗൃഹത്തിൽ പട്ടിണിയായിരുന്നു.

ഒരിക്കല്‍ വിശപ്പു സഹിക്കാതെ
അദ്ദേഹത്തിന്റെ പത്നി ചോദിച്ചു 

 "അങ്ങ് മുടങ്ങാതെ ഭഗവത് ഗീത വായിക്കുന്നതുകൊണ്ടു എന്തു ഫലം? 

      ആ പുസ്തകമെടുത്ത് മച്ചിൻപുറത്തേക്കിട്ട്   അടുത്തുള്ള ഗ്രാമത്തില്‍ പോയി ഉഞ്ചവൃത്തി എടുക്കാൻനോക്കൂ.  കിട്ടുന്നത് കൊണ്ടു നമ്മുടെ വിശപ്പെങ്കിലും അടക്കാം.

        നിത്യവും അങ്ങ്  'അനന്യാശ്ചിന്തയന്തോ മാം' എന്നു വായിക്കുന്നതു കേട്ടുകേട്ട് മടുത്തു.

ഇതു വായിച്ചിട്ട് ഒരു പ്രയോജനവും ഇല്ല. നമ്മുടെ യോഗവും ക്ഷേമവും നാം തന്നെ നോക്കണം!"

 അദ്ദേഹത്തിനും പത്നി പറയുന്നത് ശരിയാണെന്നു  തോന്നി.

താന്‍ ഇത്രയും നാളായിട്ട് ഭഗവത് ഗീതയെ  ആശ്രയിച്ചീട്ട് തനിക്ക് എന്തു കിട്ടി?

കുലത്തൊഴിൽ  ചെയ്തു ജീവിക്കാൻ പോലും കഴിഞ്ഞില്ല.

തന്റെ പത്നി പറയുന്നത് പോലെ അടുത്ത ഗ്രാമത്തില്‍ പോയി ഉഞ്ചവൃത്തി എടുത്താല്‍ വല്ലതും കിട്ടും. ഗീത വായിച്ച് വെറുതെ സമയം കളഞ്ഞത് കൊണ്ട് പ്രയോജനമൊന്നുമില്ല.

 പെട്ടെന്നു ബ്രാഹ്മണന്‍ സങ്കടത്തോടെ ഭഗവത്ഗീതയിലെ

 'അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം'

എന്നു  എഴുതിയിരിക്കുന്ന ഭാഗം കരിക്കട്ട കൊണ്ടു വരച്ചീട്ട്  പുസ്തകം മച്ചിലേക്കു വലിച്ചെറിഞ്ഞു.

അദ്ദേഹം നിരാശയോടെ എഴുന്നേറ്റ് അടുത്ത ഗ്രാമത്തിലേക്കു നടന്നു. ബ്രാഹ്മണൻ പോയ ഉടൻ തന്നെ ഒരു കുതിരവണ്ടി അവിടെ വന്നു നിന്നു.

"ഇവിടെ ആരൂല്യേ?"

ശബ്ദം കേട്ട്  ബ്രാഹ്മണപത്നി വാതിലിനു പുറകിൽ മറഞ്ഞുനിന്ന് പുറത്തേക്കു നോക്കി.

ഒരു കുതിരവണ്ടി ഗൃഹത്തിനു മുന്നിൽ നിർത്തിയിരിക്കുന്നു. അതിൽ നിറയെ പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഉണ്ടായിരുന്നു.

 വലതുകൈയിൽ കുതിരയുടെ കടിഞ്ഞാൺ പിടിച്ച് ഇടതുകൈയിൽ ചമ്മട്ടി കോലുമായി ആരോഗ്യദൃഢ ഗാത്രനും സുന്ദരനുമായ ഒരു യുവാവ് ഇരിക്കുന്നു.

നല്ല കറുത്ത നിറം.  കണ്ണുകൾക്ക് വല്ലാത്ത വശ്യത.  തലയിൽ പച്ചപ്പട്ടു കൊണ്ട് തലപ്പാവ് കെട്ടിയിരുന്നു. മഞ്ഞ വസ്ത്രം കൊണ്ട് തറ്റുടുത്തിരിക്കുന്നു.

         പക്ഷേ മനോഹരമായ പുഞ്ചിരി പൊഴിക്കുന്ന പവിഴം പോലെയുള്ള  അധരങ്ങളിൽ കരി തേച്ച് വികൃതമാക്കിയിരിക്കുന്നത് എന്തിനാണ്. എന്നിട്ടും ആ ചുണ്ടുകൾക്ക് എന്തൊരഴക്?

 മുഖത്തു നിന്ന് കണ്ണെടുക്കാൻ  തോന്നുന്നില്ല . ഈ സുന്ദരനായ ഈ യുവാവ് ആരാണ്? അവരുടെ മനസ്സ് വായിച്ചറിഞ്ഞതുപോലെ ആ യുവാവ് വണ്ടിയിൽ നിന്നിറങ്ങി അടുത്ത് വന്നിട്ട് പറഞ്ഞു .

"അമ്മേ ഞാൻ ഇവിടുത്തെ ഗൃഹനാഥന്റെ ഏറ്റവും അടുത്ത ബന്ധുവാണ്. നിങ്ങൾ വളരെ കഷ്ടപ്പെടുന്നുണ്ട് എന്നറിയാമെങ്കിലും ഇപ്പോഴാണ് ഇവിടേയ്ക്ക് വരാൻ കഴിഞ്ഞത്.   നിങ്ങളെ സഹായിക്കാന്‍ താമസിച്ചു പോയി. പരിഭവിക്കരുത് . ഇപ്പോൾ എല്ലാം വാങ്ങിക്കൊണ്ടു വന്നീട്ടുണ്ട്. "

കുറെക്കാലത്തേക്ക് ആവശ്യമായ സാധനങ്ങളെല്ലാം  അവിടെ ഇറക്കിവച്ചീട്ട് ആ യുവാവ് തിരിച്ചു പോയി. ബ്രാഹ്മണപത്നി  ആശ്ചര്യംകൊണ്ട് ഒന്നും മിണ്ടാനാവാതെ നിന്നു . അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ബന്ധുവാണ് എന്നല്ലേ പറഞ്ഞത്.

പക്ഷേ ഈ യുവാവിനെ ഞാനാദ്യമായിട്ടാണല്ലോ  കാണുന്നത്? ഇത്രയും ധനസ്ഥിതിയുള്ള അദ്ദേഹത്തിന്റെ ഈ ബന്ധു ആരാണ്? ആഥിത്യ മര്യാദ പോലും താൻ മറന്നുപോയി.

എന്തായാലും അദ്ദേഹം വരുമ്പോഴേക്കും ഒരു വിഭവ സമൃദ്ധമായ സദ്യ തന്നെ  ഒരുക്കി കൊടുക്കാം.
ഉച്ചയോടെ ബ്രാഹ്മണന്‍ വീട്ടിലേക്കു മടങ്ങി വന്നപ്പോൾ അകത്തു നിന്നും ആഹാര പദാർത്ഥങ്ങളുടെ നല്ല മണം. അദ്ദേഹം ആശ്ചര്യപ്പെട്ടു. ഇത്ര പെട്ടന്ന്  പലവ്യഞ്ജനങ്ങൾ എവിടെനിന്നു കിട്ടി.

അകത്തേക്ക് പ്രവേശിച്ച ഉടനെ
 അദ്ദേഹത്തിന്റെ പത്നി സന്തോഷത്തോടെ ഓടിവന്നു
നടന്നതെല്ലാം പറഞ്ഞു. അദ്ദേഹത്തിന് അങ്ങനെ ഒരു ബന്ധുവിനെ ഒട്ടും അറിയില്ലായിരുന്നു.

ആശ്ചര്യത്തോടെ വന്ന ആളിന്റെ രൂപത്തെക്കുറിച്ച് ചോദിച്ചു. യുവാവിന്റെ സുന്ദര രൂപത്തെ ബ്രാഹ്മണപത്നി വർണ്ണിച്ചു കേൾപ്പിച്ചു.  മാത്രമല്ല അദ്ദേഹം ഒരു കുതിരവണ്ടിയിൽ ആണ് വന്നത് എന്നും പറഞ്ഞു. രാമന്റെ കണ്ണുകൾ സജലങ്ങളായി.

കൃഷ്ണാ പാർത്ഥസാരഥേ.....

 പെട്ടെന്ന് ബ്രാഹ്മണന്റെ പത്നി എന്തോ ഓര്‍ത്തിട്ടെന്ന പോലെ  പറഞ്ഞു.

"ഒരു കാര്യം മാത്രം വളരെ വിചിത്രമായി എനിക്കു തോന്നി"

അതെന്താണ്?

 "ചെമ്പവിഴം പോലെ അതി സുന്ദരമായ  യുവാവിന്റെ അധരം ആരോ കരികൊണ്ട് വരച്ചത് പോലെ കറുത്തിരുന്നു". 

ഇതു കേട്ട ബ്രാഹ്മണൻ  ഒന്നു ഞെട്ടി. 

'എന്റെ കൃഷ്ണാ'
എന്ന് ഉറക്കെ വിളിച്ചുകൊണ്ട്
 വെപ്രാളത്തോടെ മച്ചിൽ കയറി ഭഗവത് ഗീത  തപ്പിയെടുത്ത് തുറന്ന്

 'അനന്യാശ്ചിന്തയന്തോ മാം '

എന്ന ശ്ലോകം  ചങ്കിടിപ്പോടെ നോക്കി.

അതിൽ വരച്ച ആ കരിയടയാളം കാണ്മാനില്ല. അദ്ദേഹം പൊട്ടിക്കരഞ്ഞു.

"കണ്ണാ 'യോഗക്ഷേമം വഹാമ്യഹം' അവിടുന്ന് പറഞ്ഞത് സത്യം തന്നെയാണ്.

ഞങ്ങൾക്ക് ഇന്നു  ഈ സമയത്തു തരണം എന്നായിരുന്നു അങ്ങയുടെ സങ്കല്‍പ്പം. പക്ഷെ അതുവരെ കാത്തിരിക്കാനുള്ള ക്ഷമ ഞങ്ങൾക്കില്ലാതെ പോയല്ലോ?

 അതിനു മുൻപ് ഞാൻ ധൃതി കൂട്ടി  അങ്ങയുടെ ആ പവിഴാധരത്തിൽ കരി വാരി തേച്ചില്ലേ?"

ബ്രാഹ്മണനു വേണ്ടതെല്ലാം എടുത്തുകൊണ്ട് കണ്ണൻ പുറപ്പെട്ടു നില്‍ക്കുമ്പോഴാണ്  ഭഗവത്ഗീത ശ്രീകൃഷ്ണ സ്വരൂപമാണെന്ന് മറന്ന് അദ്ദേഹം ഭഗവാന്റെ മുഖത്ത് കരി വാരിത്തേച്ചത് .

ഈ ബ്രാഹ്മണനെപ്പോലേയാണ് ഓരോ മനുഷ്യനും......

നിങ്ങൾക്കുള്ളത്  തീര്‍ച്ചയായും നിങ്ങൾക്കു തന്നെ കൃത്യസമയത്ത് കിട്ടും . ഈശ്വരനിൽ അടിയിറച്ച ഭക്തിയുണ്ടെങ്കിൽ തീർച്ചയായും ഈശ്വരൻ നിങ്ങളുടെ  കൺമുമ്പിൽ വരും. ഉറപ്പ്.....

  ജഗദീശ്വരൻ നിങ്ങളിൽ  കൃപ ചൊരിയാൻ സദാ തയ്യാറാണ്.....

       പക്ഷേ.... നിങ്ങളുടെ മനസ്സ് അതിനു പാകമാകുന്നതുവരെ ദൈവീകത  കാത്തിരിക്കുന്നു എന്നു മാത്രം....
തിരിച്ചറിവ്....... തിരിച്ചറിവ്....... Reviewed by HARI on May 18, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.